യു ഡി എഫ് സ്ഥാനാർത്ഥി ജോഷി വട്ടക്കുന്നേലിന് കോവിഡ്; സമ്പർക്ക പട്ടികയിൽ സ്ഥാനാർത്ഥികളടക്കം നിരവധി പേർ : 30 വരെ യു ഡി എഫ് പാലായിൽ പ്രചാരണം നിർത്തിവച്ചു

പാലാ: പാലാ മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ ഇരുപതാം വാർഡിൽ നിന്നും  യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന  ജോഷി ജോൺ വട്ടക്കുന്നേലിന്  കോവിഡ് സ്ഥിരീകരിച്ചു. പത്തൊമ്പതാം തീയതി നോമിനേഷൻ സമർപ്പിക്കുന്ന ദിവസവും ചിഹ്നം അനുവദിക്കുന്ന ദിവസവും  യു ഡി എഫ് യോഗത്തിലും  ഇദ്ദേഹം പങ്കെടുത്തിരുന്നു. 

 
 ബുധനാഴ്ച്ച  പാലാ നഗരസഭയിൽ റിട്ടേണിംഗ് ഓഫീസർ വിളിച്ച് ചേർത്ത നഗരസഭയിലെ മുഴുവൻ സ്ഥാനാർത്ഥികളുടെയും വിവിധ രാഷ്ട്രീയ കക്ഷികളുടെയും സംയുക്ത  യോഗത്തിലും കോവിഡ് പോസിറ്റീവായ ജോഷി വട്ടക്കുന്നേലുമായി ബന്ധപ്പെട്ട നിരവധി ആളുകൾ പങ്കെടുത്തിട്ടുള്ളതാണ്. 

ഇത് സംബന്ധിച്ചു യുഡിഎഫിൻ്റെ പ്രസ്താവന ചുവടെ

ഈ സാഹചര്യത്തിൽ നാടിന്റെയും  പൊതുജനങ്ങളുടെയും സുരക്ഷയും ആരോഗ്യവും മുൻനിർത്തി ഉത്തരവാദിത്വമുള്ള രാഷ്ട്രീയ മുന്നണി എന്ന നിലയിൽ യുഡിഎഫ് സ്ഥാനാർത്ഥികൾ പൊതു ജനങ്ങളുമായി നേരിട്ട് സമ്പർക്കപ്പെടുന്ന  പ്രചരണ പരിപാടികൾ മുപ്പതാം തീയതി വരെ നിർത്തി വെക്കുകയാണ്.

യുഡിഎഫ് സ്ഥാനാർത്ഥികളും കുടുംബാംഗങ്ങളും   അടിയന്തരമായി   നിരീക്ഷണത്തിൽ ആവുകയും (  30 - 11 - 2020 ) ഞായറാഴ്ച  വരെ നിരീക്ഷണത്തിൽ തുടരുകയും ചെയ്യും.  മുപ്പതാം തീയതി പരിശോധനയ്ക്ക് വിധേയരായ ശേഷം കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ്  ലഭിച്ചെങ്കിൽ മാത്രമേ നേരിട്ടുള്ള  പ്രചരണ പരിപാടികൾ യുഡിഎഫ് സ്ഥാനാർത്ഥികൾ  പുനരാരംഭിക്കുകയുള്ളു.   

 പ്രിയപ്പെട്ടവരായ ഓരോരുത്തരുടെയും പ്രാർത്ഥനകളും,  ഐക്യദാർഢ്യവും  വിഷമകരമായ ഈ അവസരത്തിൽ നാടിനും യുഡിഎഫിനും ഒപ്പം ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.

യുഡിഎഫ് തിരഞ്ഞെടുപ്പ് സമിതിക്ക് വേണ്ടി,

 കുര്യാക്കോസ് പടവൻ
 പ്രൊഫ. സതീശ് ചൊള്ളാനി